IB ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് ഒളിവിൽ തന്നെ, കണ്ടെത്താനാകാതെ പൊലീസ്

1 min read
SHARE

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്തിനെതിരെ നടപടിയെടുക്കാതെ ഐബിയും പൊലീസും .
ലൈംഗിക ചൂഷണമടക്കം ഉണ്ടായെന്ന പരാതി ലഭിച്ചിട്ടും നടപടി ഇല്ല.

ഐബി ചട്ടങ്ങൾ ലംഘിച്ച് സുകാന്ത് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. ലീവ് അഡ്രസ്സ് പോലും നൽകാതെയാണ് സുകാന്ത് അവധിയിൽപോയിരിക്കുന്നത്. അവധിക്കു പോകുന്ന ഉദ്യോഗസ്ഥൻ ലീവ് അഡ്രസ്സ് നൽകണമെന്നാണ് ചട്ടം ഇത് മുതിർന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനാണ്. എന്നാൽ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ എടുക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിൽ കുടുംബത്തിന്റെ പരാതി ഉയരുന്നുണ്ട്.ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകൾ പൊലീസിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥയുടെ പിതാവ് മധുസൂദനൻ പറഞ്ഞിരുന്നു.

മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിന്റെ പ്രേരണ തന്നെയാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.