July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

അത്രമേൽ സ്‌നേഹിച്ചിരുന്നുവെങ്കിൽ പ്രാണനെടുക്കാൻ എങ്ങനെയാണ് കഴിയുന്നത്, പ്രണയം ഊഷ്മളമാകട്ടെ’: വി ഡി സതീശൻ

1 min read
SHARE

തിരുവനന്തപുരം: പ്രണയം നിരസിക്കുന്നതിനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള ആക്രമണത്തില്‍ പ്രണയമോ സ്‌നേഹമോയുണ്ടോയെന്ന് ആലോചിച്ചു നോക്കണമെന്നും അദ്ദേഹം കുറിച്ചു. വാലന്റൈന്‍സ് ദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് പ്രണയത്തെയും പ്രണയനിരാസത്തെയും കുറിച്ച് പറയുന്നത്. പ്രണയം തകരുമ്പോഴോ തിരസ്‌കരിക്കപ്പെടുമ്പോഴോ ഒരാളെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേല്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ അതേ ആളുടെ പ്രാണന്‍ എടുക്കാനോ അപകടപ്പെടുത്താനോ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം കുറിച്ചു.പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണെന്നും അത് തിരിച്ചറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അത് തുല്യതയുടേതും പരസ്പര ബഹുമാനത്തിന്റേതുമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കല്‍ കൂടി പറയുന്നു. ദുരഭിമാന കൊല എത്രയോ വട്ടം നമ്മള്‍ കേട്ടതാണ്, കണ്ടതാണ്. അത് പോലെ തന്നെ പ്രണയം നിരസിച്ചതിന്റെ പേരിലുള്ള ആക്രമണം. അവിടെ എവിടെയെങ്കിലും പ്രണയമോ സ്‌നേഹമോ ഉണ്ടോ?ഒന്ന് ആലോചിച്ച് നോക്കൂ.

എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്‌കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്‌കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്ര്യവും മറ്റേയാള്‍ക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്‌കരിക്കപ്പെടുമ്പോഴോ ഒരാളെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേല്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ അതേ ആളുടെ പ്രാണന്‍ എടുക്കാനോ അപകടപ്പെടുത്താനോ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്?

 

ഒരാള്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.പ്രണയങ്ങള്‍ ഊഷ്മളമാകണം. അവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങള്‍ ഉണ്ടാകാം. അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തര്‍.
ഏത് പ്രായത്തിലായാലും, പ്രണയിക്കുന്നവരും പ്രണയിക്കാനിരിക്കുന്നവരും പ്രണയിച്ച് കഴിഞ്ഞവരും ഒന്നോര്‍ക്കുക. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ട്. അത് തുല്യതയുടേതാണ്, പരസ്പര ബഹുമാനത്തിന്റേതാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. അത് പരസ്പരം അംഗീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നതും പ്രണയത്തിന്റെ രാഷ്ട്രീയമാണ്. അങ്ങനെ ഊഷ്മളമാകട്ടെ ഓരോ പ്രണയവും