1999ൽ വീടുകളിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തി; ഒളിവിൽ കഴിഞ്ഞത് 25 വർഷം, അവസാനം പ്രതിയെ പൊക്കി പൊലീസ്
1 min read

മലപ്പുറം: വീടുകളിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി 25 വർഷത്തിന് ശേഷം വലയിൽ. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ഒരു വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 1999 ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദമായത്.
പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ വീടുകളില്‍ കയറി സ്ത്രീകള്‍ക്ക് നേരെ നടത്തിയ അതിക്രമ സംഭവങ്ങളില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി പ്രതിയ്ക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ രാജുവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
