കണ്ണൂർ പയ്യാമ്പലം ശാന്തിതീരത്ത് ചിതയൊരുക്കിയ കളം മാറി കർമം ചെയ്ത സംഭവം: ദൗർഭാഗ്യകരമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആർട്ടിസ്റ്റ് ശശികല

കണ്ണൂർ: പയ്യാമ്പലം പൊതു ശ്മശാനത്തിൽ ചിതയൊരുക്കിയ കളം മാറി കർമം ചെയ്തു. ചിതക്ക് നമ്പർ നൽകിയതിലെ പിഴവെന്നാരോപിച്ചു പൊതുശ്‌മശാനത്തിലെ ജീവനക്കാരനെ ബന്ധുക്കൾ മർദിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സംഭവം ദൗർഭാഗ്യകരമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. ചിതയുടെ നമ്പർ മാറിയതിനാൽ മരിച്ച മറ്റൊരാളുടെ ബന്ധുക്കൾ കർമം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജനെ(51) അഞ്ച് പേർ ചേർന്ന് മർദിച്ചത്. ദഹിപ്പിച്ച കുഴി നമ്പർ മാറി നൽകിയതിന് കാരണക്കാരൻ രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് രഞ്ജൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മർദ്ദനമേറ്റ് നിലത്തു വീണ രഞ്ജന്റെ ദേഹത്ത് കയറിയിരുന്ന് നെഞ്ചിലും തലയിലും ക്രൂരമായി മർദ്ദിച്ചതായും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 332(c), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്ഐ ടികെ അഖിലിനാണ് കേസിൻ്റെ അന്വേഷണ ചുമതല.

