റബ്ബർ വിലയിൽ ഇന്ത്യയെ മറികടന്ന് അന്താരാഷ്‌ട്ര വിപണി; കർഷകർക്ക് ആശ്വാസം

1 min read
SHARE

ഇന്ത്യൻ വിപണിയെ മറികടന്ന് അന്താരാഷ്‌ട്ര റബ്ബർ വില. കനത്ത മഴ തായ്‌ലൻഡിലെ റബ്ബർ ഉത്പാദനത്തെ ബാധിച്ചാണ് റബ്ബർ വിലക്കയറ്റത്തിന് കാരണം. ഫംഗസ് രോഗബാധയിൽനിന്ന് തിരിച്ചുകയറുന്നതിനിടെയാണ് മഴ വില്ലനായെത്തിയത്. ചരക്ക് ലഭ്യത കുറഞ്ഞതോടെ അന്താരാഷ്ട്രവിപണിയിൽ വിലക്കയറ്റത്തിലേക്ക് നയിച്ചു. 233 രൂപയാണ് ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില. ഇന്ത്യൻ വിപണിവില 232 രൂപയും. അന്താരാഷ്ട്രവില ഇന്ത്യൻവിലയെ മറികടന്ന് മുന്നേറുന്നത് 3 മാസങ്ങൾക്ക് ശേഷമാണ്. അന്താരാഷ്‌ട്ര വിപണിയിൽ റബ്ബറിന് ആവശ്യം കൂടുതലും, എന്നാൽ ചരക്ക് കുറവുമാണ്. പ്രതീക്ഷയിൽ നിന്ന് 10 മുതൽ 30 ശതമാനം വരെ ഉത്പാദനം കുറയുമെന്നാണ് ഉത്പാദകരാജ്യങ്ങൾ കരുതുന്നത്. അതേസമയം, ജപ്പാനും ചൈനയും മോട്ടോർവാഹനവിപണിയിൽ വലിയ കുതിപ്പ് ഉണ്ടാക്കുമെന്നും സൂചനയുണ്ട്. ചരക്കുൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വില കൂടുമെന്ന് പ്രതീക്ഷയുണ്ട്. ഇന്ത്യൻ വിപണിയിൽ ഗ്രേഡ് ഷീറ്റിനുണ്ടായ വിലക്കയറ്റം മറ്റ് ഉത്പാദകരാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വില വേണമെന്ന ആവശ്യം റബ്ബർ കർഷകർ ഉന്നയിച്ചിട്ടുണ്ട്. 255 രൂപ വരെ ഇന്ത്യയിൽ റബ്ബറിന് വില എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഇടിവാണുണ്ടായത്. മഴ മാറി ടാപ്പിങ് കൂടിയതും, വില താഴ്ന്നുനിന്നപ്പോൾ ടയർ കമ്പനികൾ ബുക്കുചെയ്ത വിദേശ ചരക്ക് ഇപ്പോൾ എത്തിയതും വിലയിടിവിന് കാരണമായിട്ടുണ്ട്. എന്നാൽ അതാരാഷ്ട്ര വിപണിയിൽ വില ഉയരുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കുള്ള പ്രവണത കുറയാനും ഇന്ത്യൻ വില താഴാതെ നിൽക്കാനാണ് സാധ്യത.