July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 7, 2025

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

1 min read
SHARE

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. എ ആന്റ് എ ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടന്നത്. 265 പേരാണ് ചിട്ടിക്കമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്.ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്. മുപ്പത് വർഷമായി ബെംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ വിയും ഷൈനി ടോമിയും ആരാധനാലയങ്ങളും മലയാളി ക്ലബുകളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വസ്ഥത നേടിയെടുത്താണ് നിക്ഷേപം കൂട്ടിയത്.സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടാക്കി ഇവരുടെ സുഹൃത്തുക്കളിൽ നിന്നടക്കം പണം നിക്ഷേപിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വരെ പലിശയടക്കം എല്ലാം കൃത്യമായിരുന്നു. എന്നാൽ പെട്ടെന്ന് ഇരുവരും അപ്രത്യക്ഷമായി. ഒന്നേകാൽ കോടി രൂപ വിലവരുന്ന വീട് പാതിവിലയ്ക്ക് വിൽപ്പന നടത്തി. സ്കൂട്ടറും കാറും അടക്കം വിറ്റാണ് ഇവർ മുങ്ങിയത്. ഫോൺ സ്വിച്ച് ഓഫായതോടെ നിക്ഷേപകർ ചിട്ടികമ്പനിയിലേക്ക് എത്തി. ഉടമകൾ മുങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ആയിരത്തിമുന്നൂറോളം നിക്ഷേപരാണ് ആകെയുള്ളത്. തട്ടിപ്പിന്റെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. ടോമിയെയും ഭാര്യയെയും മകന്‍ സോവിയോ തുടങ്ങിയവരെ പ്രതികളാക്കി രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.