April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 16, 2025

കാപ്പാട് – പെരിങ്ങളായി നീര്‍ത്തട പദ്ധതി: പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

1 min read
SHARE

 

കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കാപ്പാട്- പെരിങ്ങളായി നീർത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂർത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.കണ്ണൂരിന്റെ വികസന ചരിത്രത്തില്‍ എഴുതപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഏടാണ് കാനാമ്പുഴനീർത്തട പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

കാപ്പാട് – പെരിങ്ങളായി, കൂടത്തുംതാഴെ – തയ്യില്‍, മുണ്ടയാട് – പടന്ന, തിലാനൂർ- ആദികടലായി എന്നിങ്ങനെ നാല് നീർത്തടങ്ങള്‍ ചേർന്നാണ് കാനാമ്ബുഴ നദീതടം രൂപപ്പെടുന്നത്. അതില്‍ ആദ്യ ഘട്ടമെന്ന നിലയിലാണ് മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നബാർഡിന്റെ ആർ.ഐ.ഡി.എഫ് ധനസഹായത്തോടെ കാപ്പാട് – പെരിങ്ങളായി നീർത്തട പദ്ധതിയിലെ വിവിധ പ്രവൃത്തികളുടെ നിർമാണം പൂർത്തീകരിച്ചത്. ചേലോറ മണ്ടോട്ട് വയല്‍ കുളം, തോടിന്റെ 580 മീറ്റർ സംരക്ഷണഭിത്തി, വിവിധ സ്ഥലങ്ങളിലെ 6004 തെങ്ങിൻതടം, മാച്ചേരി – പള്ളിപ്പൊയില്‍ ഭാഗത്ത് രണ്ട് കോണ്‍ക്രീറ്റ് തടയണകള്‍, 13 ചെങ്കല്‍ തടയണകള്‍, 1908 ഫല വൃക്ഷതൈകള്‍, 225 കിണർ റീചാർജിംഗ്, മൂന്ന് നടപ്പാലങ്ങള്‍, 264 മണ്‍ വരമ്ബ് നിർമാണം, പത്ത് മഴക്കുഴികള്‍ എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്. കണ്ണൂർ കോർപറേഷനിലെ 17, 18, 19, 20, 30 വാർഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 897.9 ഹെക്ടർ വിസ്തൃതിയുള്ള പദ്ധതിയുടെ അടങ്കല്‍ തുക 181.02 ലക്ഷം രൂപയാണ്.

കാനാമ്പുഴ യുടെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിന് രൂക്ഷത കുറക്കുക, ശുദ്ധജല ലഭ്യത വർധിപ്പിക്കുക, മാലിന്യങ്ങള്‍ നീക്കി എല്ലായ്പ്പോഴും പുഴയില്‍ നീരൊഴുക്ക് ഉറപ്പ് വരുത്തുക, മണ്ണൊലിപ്പ് തടയുക, കൃഷിയുടെ ഉല്‍പാദന ക്ഷമത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
കാനാമ്ബുഴയുടെ പുനരുജീവനത്തിനായി 2017 മുതല്‍ നടന്നുവരുന്ന ജനകീയ കൂട്ടായ്മ, സർക്കാറിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി മുന്നേറുന്നത്.

കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി. കൗണ്‍സിലർമാരായ കെ. നിർമല, കെ. പ്രദീപൻ, മിനി അനില്‍കുമാർ, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസർ വി.വി പ്രകാശൻ, നീർത്തട സമിതി ചെയർമാൻ എൻ. രാഘവൻ, നീർത്തട സമിതി അംഗങ്ങളായ കട്ടേരി നാരായണൻ, സി.സി ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.