ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക

1 min read
SHARE

ബംഗ്ലൂരു : കർണാടകയിൽ ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും. ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്.3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്. 27,000 കോടി മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. കർഷകരുടെ കടുത്ത എതിർപ്പിനിടെ ബിജെപി സ‍ർക്കാർ കൊണ്ടുവന്ന പുതിയ കാർഷികനിയമങ്ങൾ പിൻവലിച്ച് പഴയ നിയമം തന്നെ നിലനിർത്തും. ഗ്രാമീണ വനിതകൾക്കായി സംസ്ഥാനത്തെമ്പാടും സർക്കാർ സഹായത്തോടെ കഫേ ഹോട്ടലുകൾ, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്, ചിക്കമഗളുരുവിൽ സ്പൈസസ് പാർക്ക് എന്നിവയും സ്ഥാപിക്കും എന്നിങ്ങനെ നിരവധി ജനപ്രിയപ്രഖ്യാപനങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.