കരിപ്പൂർ ഹജ്ജ് ക്യാമ്പിന് നാളെ പരിസമാപ്തി. അവസാന വിമാനം വ്യാഴം പുലർച്ചെ 1.5 ന്
1 min read

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധൻ സമാപിക്കും.അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. മഗ് രിബ് ഇശാ നിസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഗത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലർച്ചെ 1.10 ന് ഐ.എക്സ്. 3029 നമ്പർ വിമാനം 88 പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പടെ 169 തീർത്ഥാടകരുമായി ജിദ്ധയിലേക്ക് പറക്കും. ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.അബ്ദുൽ ജബ്ബാർ അനുഗമിക്കും. കോഴിക്കോട് നിന്നും പുറപ്പെടുന്ന തീർത്ഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്.ഐ മാരാണ് യാത്രയായിട്ടുള്ളത്.
ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരിൽ ക്യാമ്പ് ആരംഭിച്ചത്. പത്തിന് പുലർച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീർത്ഥാടകരാണ് കരിപ്പൂർ വഴി യാത്രയാവുന്നത്. കണ്ണൂരിൽ നിന്നും മെയ് 29 നും കൊച്ചിയിൽ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങൾ.
കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് വോളണ്ടിയർമാർക്കുള്ള പ്രത്യേക അനുമോദനം ബുധനാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസിൽ നടക്കും. തീർത്ഥാടകർക്കായി കൈമൈ മറന്ന് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളാണ് ക്യാമ്പ് വോളണ്ടിയേഴ്സ് നടത്തിയത്. സർവ്വീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് എയർപോട്ട് ഡയറക്ടർ സി.വി രവീന്ദ്രനു പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പിൽ വെച്ച് നൽകും.
ബുധനാഴ്ച കരിപ്പൂരിൽ നിന്നും മൂന്ന് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 94 പുരുഷന്മാർ 79 സ്ത്രീകൾ, രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാർ 88 സ്ത്രീകൾ, വൈകുന്നേരം 5.55 ന് പുറപ്പെടുന്ന വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.
വിമാനങ്ങളെല്ലാം കൃത്യ സമത്ത്.
കരിപ്പൂരിൽ നിന്നുള്ള ഇതു വരെയുള്ള എല്ലാ ഹജ്ജ് സർവ്വീസുകളും ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ പുറപ്പടാനായത് തീർത്ഥാടകർക്കും ഹജ്ജ് കമ്മിറ്റിക്കും ആശ്വാസകരമായി. ക്യാമ്പ് തുടക്ക സമയത്തെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധ സാഹചര്യം രാജ്യത്തെ വിമാനത്താവള പ്രവർത്തനങ്ങളേയും വിമാന സർവ്വീസുകളെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സ്ഥിതി ഗതികൾ ഉടനെ ശാന്തമായത് തീർത്ഥാടകർക്ക് തുണയായി. രണ്ട് ദിവസമായുള്ള ജില്ലയിലെ മഴ സാഹചര്യവും ഹജ്ജ് സർവ്വീസുകളെ ബാധിക്കാത്തത് അനുഗ്രഹമായി.
ആരോഗ്യ യാത്ര ഉറപ്പാക്കി മെഡിക്കൽ സംഘം.
ശരാശരി 40-45 ദിവസം വരെ നീണ്ടു നിൽക്കുന്ന തീർത്ഥാടന യാത്രക്കു മുമ്പായി തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പക്കി ഹജ്ജ് ക്യാമ്പിലെ മെഡിക്കൽ സംഘം. ക്യാമ്പിൽ തീർത്ഥാടകർക്ക് ആരോഗ്യപരമായി എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കിൽ യാത്ര പുറപ്പെടും മുമ്പ് അവ കണ്ടെത്തി, ചികിത്സിച്ചു ഭേദമാക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഇതിനാവശ്യമായ മരുന്നുകളുമാണ് മെഡിക്കൽ സെന്ററിൽ പ്രധാനമായും സജ്ജീകരിച്ചിരുന്നത്. കൂടാതെ യാത്രയിലും മറ്റും സ്ഥിരമായി ആവശ്യമായി വരുന്ന മരുന്നുകൾ ഡോക്ടറുടെ കുറിപ്പോട് കൂടി തീർത്ഥാടകർക്ക് ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ഫീറോസ് ഖാനാണ് ഹജ്ജ് ക്യാമ്പിലെ മെഡിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അവലോകനവും ആലോചനയും നടത്തി റിവ്യൂ മീറ്റിങ്ങ്.
ഹജ്ജ് ക്യാമ്പിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ക്യാമ്പ് റിവ്യൂ മീറ്റിങ്ങിലായിരുന്നു. അവസാന റിവ്യൂ മീറ്റിങ്ങ് ബുധൻ വൈകുന്നേരം ചേരും. ദിനേന വൈകുന്നേരം ഏഴ് മണിക്ക് ഹജ്ജ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ഓരോ ദിവസത്തേയും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തൊട്ടടുത്ത ദിവസത്തെ തീർത്ഥാടകരുടെ റിപ്പോർട്ടിങ്ങ് സമയ ക്രമീകരണങ്ങളും അനുബന്ധ ഒരുക്കങ്ങളും ചർച്ച ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ, അംഗങ്ങൾ, സെൽ ഉദ്യോഗസ്ഥർ, വിവിധ സബ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവരാണ് സ്ഥിരമായി മീറ്റിങ്ങിൽ സംബന്ധിക്കാറുള്ളത്.
ക്യാമ്പ് ക്ലീനാക്കി ഹരിത കർമ്മസേനയും.
മാലിന്യ മുക്ത ഹജ്ജ് ക്യാമ്പ് സാധ്യമാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിലെത്തി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലേർപ്പെട്ട് ഹരിത കർമ്മ സേനാംഗങ്ങളും. മുൻസിപ്പാലിറ്റിക്കു കീഴിൽ സേവനം ചെയ്യുന്ന മേലങ്ങാടി സ്വദേശി ജമീല, കോടങ്ങാട് സ്വദേശി ഗീത എന്നിവരാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ക്യാമ്പിലെത്തി ശുചീകരണ പ്രവൃത്തികളിൽ ഭാഗവാക്കാവുന്നത്.
ഓരോ ദിവസത്തേയും ജൈവ, അജൈവ, മാലിന്യങ്ങൾ ശാസ്ത്രീയമായും പ്രകൃതി സൗഹൃദ രീതിയിലും സംസ്കരിക്കുന്നതിന് ഹജ്ജ് കമ്മിറ്റി നേരത്തെ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനമെന്നതിനാൽ പ്ലാസ്റ്റിക്ക് ഉൾപ്പടെയുളള മാലിന്യങ്ങളുടെ അളവ് ഇത്തവണ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ക്യാമ്പ് ആരംഭ ദിവസം മുതൽ ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടേയും സാന്നിധ്യവും ക്യാമ്പിലുണ്ടായിരുന്നു. മലപ്പുറം ഫയർ സ്റ്റേഷനിലെ ഒരു യൂണിറ്റ് ഫയർ എഞ്ചിനും അനുബന്ധ സജ്ജീകരണങ്ങളുമാണ് ക്യാമ്പിലുണ്ടായിരുന്നത്. ജില്ലാ ഫയർ & റെസ്ക്യൂ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഞ്ചംഗ ഉദ്യോഗസ്ഥരെയാണ് രണ്ട് ഷിഫ്റ്റുകളിലായി ക്യാമ്പിൽ വിന്യസിച്ചിരുന്നത്.
സംസ്ഥാനത്ത് നിന്നും ഇതു വരെയായി 16064 തീർത്ഥാടകർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 5340 പേർ കോഴിക്കോട്, 6039 കൊച്ചി, 4663 കണ്ണൂർ എന്നീ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുന്നത്.
