January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

SHARE

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

വളരെ പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുവരുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാറില്ല. ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് നിലവില്‍ കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.