സുരേഷ് ഗോപി അപമാനിച്ച കൊച്ചു വേലായുധൻ ഇനി സിപിഐ എമ്മിന്റെ സ്നേഹത്തണലിൽ; വീടിന്റെ താക്കോൽ കൈമാറി എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂർ ചേർപ്പ് പുള്ളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചു വേലായുധന് സിപിഐ എം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കെൈമാറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെയാണ് ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധനെ അപമാനിച്ചത്. വീടിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അപേക്ഷയുമായാണ് കേന്ദ്ര മന്ത്രിയുടെ കലുങ്ക് സംവാദത്തിലേക്ക് കൊച്ചു വേലായുധൻ എത്തിയത്.
2024 സെപ്തംബർ 12ന് ആയിരുന്നു ഇത്. എന്നാൽ ആ നിവേദനം ഒന്ന് തുറന്നു നോക്കാൻ പോലും സുരേഷ് ഗോപി എംപി തയ്യാറായിരുന്നില്ല. “ഇതൊന്നും എന്റെ പണിയല്ല” എന്നുപറഞ്ഞാണ് അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചത്.പിന്നാലെയാണ് കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഐ എം പ്രഖ്യാപിച്ചത്. കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ പുതിയ വീട് നൽകുമെന്ന് അറിയിക്കുക ആയിരുന്നു. സിപിഐ എം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമാണം. പതിനൊന്നര ലക്ഷം രൂപ ചെലവിട്ട്, 75 ദിവസം കൊണ്ടാണ് വീട് നിർമാണം മാതൃകാപരമായി പൂർത്തിയാക്കിയത്.

