കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി സൗകര്യങ്ങള്‍, പരോള്‍; ജയില്‍ ഡിഐജിക്കെതിരെ വിജിലന്‍സ് കേസ്

ടി പി വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്നും കണ്ടെത്തിയത്തുടര്‍ന്ന് ജയില്‍ ഡിഐജിയുടെ പേരില്‍ വിജിലന്‍സ് കേസ്. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിന്റെ പേരിലാണ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിനാണ് അന്വേഷണ ചുമതല.രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികള്‍ക്കും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കും നിരന്തരം സഹായം ചെയ്തു, അനുകൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി പരോള്‍ അനുവദിച്ചു എന്നതടക്കം വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. 12 തടവുകാരുടെ ഉറ്റവരില്‍ നിന്ന് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് പണം വാങ്ങി സഹായം ചെയ്തുവെന്നും കണ്ടെത്തി.ഗൂഗിള്‍പേ വഴിയും ഇടനിലക്കാരന്‍ വഴിയുമാണ് വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നത്. വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരന്‍. അനധികൃതസ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ് കുമാറിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്‌തേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

