ഷെയ്ക്ക് ഹസീനയെ വിട്ടുനൽകണം എന്ന് ആവശ്യം ; ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേയ്ക്ക് പ്രതിഷേധമാർച്ച്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെയും മറ്റ് മന്ത്രിമാരെയും വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ‘ജൂലൈ ഐക്യ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് റാംപുര പാലത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയ്ക്ക് സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു.
ഇന്ത്യ ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. ഇത്തരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി. തീവ്രവാഗ സ്വഭാവമുള്ള സംഘടനകൾ ഇന്ത്യൻ എംബസിയെ ഉന്നം വയ്ക്കുന്നതായി വിവരമുള്ളതിനാൽ ആശങ്ക ഉള്ളതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്തരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബംഗ്ലാദേശിന്റെ കടമയാണെന്നും അറിയിച്ചു. സുരക്ഷപ്രശ്നം കണക്കിലെടുത്ത്, ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷകേന്ദ്രം താൽക്കാലികമായി അടച്ചു.
ബംഗ്ലാദേശിൽ ഫെബ്രുവരി 12-നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. പ്രതിഷേധങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക്’ 78 വയസ്സുള്ള ഹസീനയ്ക്ക് കഴിഞ്ഞ മാസം ധാക്കയിലെ ഒരു പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിരുന്നു. പ്രതിഷേധങ്ങൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. ഹസീനയുടെ നിയമപ്രശ്നങ്ങൾ രാഷ്ട്രീയ പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ഔദ്യോഗിക ആവശ്യം ബംഗ്ലാദേശ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടമാണ് ഇപ്പോൾ ബംഗ്ലാദേശ് ഭരിക്കുന്നത്.

