September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

കടക്ക് പുറത്ത്; മാധ്യമങ്ങളോട് ഇടഞ്ഞ് ക്രിസ്റ്റ്യാനോ

SHARE

ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ കോംഗോയോട് സമനില വഴങ്ങിയതിന്റെ നിരാശയിലാണ് പോര്‍ച്ചുഗല്‍. മത്സരത്തില്‍ വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 90 മിനിറ്റും കളിച്ചെങ്കിലും വെറും 25 ടച്ചുകള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് നടത്താനായത്. ഇത് വിമര്‍ശകര്‍ എടുത്തുപറഞ്ഞു. പക്ഷെ, ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാധ്യമങ്ങളോട് ഇടഞ്ഞ കാര്യമാണ് വലിയ ചര്‍ച്ചയാകുന്നത്. വെള്ളിയാഴ്ച പാം ബീച്ച് ഗാര്‍ഡന്‍സില്‍ നടന്ന പോര്‍ച്ചുഗലിന്റെ പരിശീലന സെഷനെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവിടെ നിന്ന് പോകാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടു.

 

പോര്‍ച്ചുഗീസ് വാര്‍ത്താ മാധ്യമമായ ‘എ ബോള’ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഒരു ഹൈഡ്രേഷന്‍ ബ്രേക്കിനിടെയാണ് റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈകള്‍ കൊണ്ട് ആംഗ്യം കാട്ടി പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി ‘ക്യാപ്റ്റന്‍ കടുത്ത സമ്മര്‍ദത്തില്‍’ എന്ന തലക്കെട്ടോടെ ‘എ ബോള’ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോയുടെ ഫോമില്ലായ്മ വലിയ പ്രതിസന്ധിയാണ് ടീമിന് ഉണ്ടാക്കുന്നത് എന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം, പ്രധാന അന്താരാഷ്ട്ര മത്സരങ്ങളില്‍ കഴിഞ്ഞ 10 കളികളായി റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നത് ഈ വിമര്‍ശനങ്ങളുടെ ആക്കം കൂട്ടുന്നു.