May 23, 2025

മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു; മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

1 min read
SHARE

മലപ്പുറം കോട്ടയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. മൂന്നുപേര്‍ പിടിയില്‍. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഇവര്‍ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവന്‍ ഇറക്കി വിട്ട് ബസിന്റെ ട്രിപ്പ് മുടക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പരിശോധനയില്‍ പ്രാഥമികമായി തന്നെ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതും ചെയ്തു. എന്നാല്‍ ഈ പരിശോധനയിലും മദ്യപിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയത്. പിന്നാലെയാണ് മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തത്. ട്രിപ്പ് മുടക്കി, കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഡ്രൈവറെ മര്‍ദിച്ചു തുടങ്ങിയ വിഷയങ്ങളിലാണ് കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തത്.