ഹിറ്റായി കുടുംബശ്രീ കേരള ചിക്കൻ : ജില്ലയിൽ 34 ഫാമുകൾ രണ്ട് ഔട്ട് ലൈറ്റുകൾ

കണ്ണൂർ : ജില്ലയിലെ മാംസ വിപണിയിൽ സജീവമാകാൻ ഒരുങ്ങി കേരള ചിക്കൻ.
നിലവിൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ഔട്ട്ലെറ്റുകളിൽ നിന്നുമായി ശരാശരി 8000 രൂപ വരെ ദിവസ വരുമാനം ലഭിച്ചു വരുന്നു.
പ്രൈവറ്റ് കമ്പനികളിൽ നിന്നും ലഭിക്കുന്ന ഇറച്ചിയേക്കാൾ ഗുണമേന്മ കൂടുതലുള്ളതും വിലകുറവും കേരള ചിക്കൻ ഉത്പന്നങ്ങളുടെ സ്വീകാര്യത കൂട്ടുന്നു. കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ, പാനൂർ എന്നിവിടങ്ങളിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിച്ചിട്ടുള്ളത്.
തളിപ്പറമ്പ,കണ്ണൂർ,ഇരിട്ടി, കല്യാശ്ശേരി
ബ്ലോക്കുകളിൽ കൂടി അടുത്തമാസം ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.
കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്ക് ഇതുവരെയായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 10 അപേക്ഷകൾ ഔട്ട്ലെറ്റ് തുടങ്ങുന്നതിനായ് ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയിൽ വരുന്ന ആറുമാസത്തിനുള്ളിൽ ഈ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.
തുടർന്ന് രണ്ടാം ഘട്ടമായി ജില്ലയിലെ മുഴുവൻ സിഡിഎസ് കളിലും ഒരു കേരള ചിക്കൻ ഔട്ട്ലെറ്റ് എന്ന പദ്ധതി ലക്ഷ്യം നടപ്പിലാക്കും.
കൂടാതെ ആറളം ഫാം മേഖലയിൽ കേരള ചിക്കൻ ഫാം അതോടൊപ്പം ഔട്ട്ലെറ്റും തുടങ്ങാനുള്ള നടപടിക്രമങ്ങളും കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ആറളം പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പോഷകാഹാര കുറവ് മറികടക്കാനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേഖലയിൽ കേരള ചിക്കൻ ഫാമുകളും ഔട്ട്ലെറ്റുകളും തുടങ്ങുന്നത്.
ഫാമിന് പുറത്തേക്ക് വിപണനം നടത്തുന്നതിനും മറ്റു ധനസഹായങ്ങളും
കുടുംബശ്രീ നൽകും.
ഇറച്ചിക്കോഴി വില പിടിച്ചു നിർത്തുന്നതിന് സംസ്ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിലവിൽ രണ്ട് ഔട്ട്ലെറ്റുകൾ ആണ് പ്രവർത്തിക്കുന്നത്.
കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തുന്നത്. . കുടുംബശ്രീ
ബ്രോയിലർ കർഷകർക്കും, ഔട്ട്ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കൻ.50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്.
കേരള ചിക്കൻ ഫാമുകൾ, ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും.
ഇറച്ചിക്കോഴി കർഷകർ ആയിട്ടുള്ള കുടുംബശ്രീ അംഗങ്ങളുടെ ആയിരം മുതൽ പതിനായിരം വരെ കപ്പാസിറ്റിയുള്ള ഫാമുകൾ കേരള ചിക്കൻ കമ്പനിയുമായി ഇന്റഗ്രേഷൻ ചെയ്യുകയും കിലോയ്ക്ക് ആറു രൂപ മുതൽ 13 രൂപ വരെ FCR അടിസ്ഥാനമാക്കി വളർത്തു കൂലിയായി കമ്പനി കർഷകർക്ക് നൽകുന്നു. വളർച്ചയെത്തിയ ഇറച്ചി കോഴി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകൾ വഴിയാണ് വിപണനം നടത്തുന്നത്. ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ വരെ കർഷകർക്ക് വരുമാനമായി ലഭിക്കുന്നു.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഔട്ട്ലെറ്റുകളും ഫാമുകളും ആരംഭിക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ അപേക്ഷ നൽകേണ്ടതാണ്.
8075089030


