ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് ജീവിക്കുന്നത്; പാരമ്പര്യം തുടരാൻ ആൺകുട്ടിയെ വേണം: ചിരഞ്ജീവിയുടെ പരാമർശം വിവാദത്തിൽ
1 min read

തെലുങ്കിലെ പ്രമുഖ നടനായ ചിരഞ്ജീവി ബ്രഹ്മ ആനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പറഞ്ഞ വാക്കുകൾ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. തന്റെ കുടുംബ പാരമ്പര്യം നിലനിർത്താനായി തനിക്ക് ഒരു കൊച്ചുമകനില്ലെന്നും. വീട്ടിൽ ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതെന്നും ആയിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകൾ.
കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.
“വീട്ടിലായിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, മറിച്ചൊരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ചുറ്റും സ്ത്രീകളാൽ ചുറ്റപ്പെട്ടതു പോലെ. ഞാനെപ്പോഴും ആഗ്രഹിക്കുകയും റാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്.
ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ഒരു ആണ്‍കുട്ടിയെ വേണമെന്ന്. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍. അവന് വീണ്ടും ഒരു പെൺകുട്ടി ജനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്”.- ചിരഞ്ജീവി പറഞ്ഞു.
ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. 2025ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് വിഷമകരമാണ്. ചിന്താഗതിയിൽ മാറ്റം വരേണ്ട കാലമായെന്നുമാണ് ഇതിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ.
