നഷ്ടം 4.2 കോടി; ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതി നിരസിച്ച് അമേരിക്ക
1 min read

ഇന്ത്യയിൽ നിന്നുള്ള 15 മാമ്പഴ കയറ്റുമതി യുഎസ് നിരസിച്ചതിനെ തുടർന്ന് ഏകദേശം 500,000 ഡോളർ (₹4.2 കോടി) നഷ്ടമുണ്ടായാതായി നവി മുംബൈയിലെ കയറ്റുമതിക്കാർ. കയറ്റുമതിക്ക് ആവശ്യമായ PPQ203 സർട്ടിഫിക്കറ്റിലെ പ്രശ്നങ്ങൾ, പ്രത്യേകിച്ച് ഡോക്യുമെന്റേഷൻ പിശകുകളാണ് കാരണമായത് .
ഇന്ത്യയിൽ നിന്നുള്ള നിരവധി മാമ്പഴങ്ങൾ പ്രധാനമായും ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നാണ് തിരിച്ചയച്ചത്. മെയ് 8, 9 തീയതികളിൽ നവി മുംബൈയിലെ വാഷിയിലുള്ള കേന്ദ്രത്തിൽ യുഎസ് കൃഷി വകുപ്പിന്റെ (യുഎസ്ഡിഎ) മേൽനോട്ടത്തിലായിരുന്നു മാമ്പഴങ്ങൾക്ക് റേഡിയേഷൻ ചികിത്സ നടത്തിയത്. കീടങ്ങളെ ഇല്ലാതാക്കുന്നതിനും ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുമുള്ള നിർബന്ധിത പ്രക്രിയയാണ് ഈ നടപടി. റേഡിയേഷൻ ചികിത്സാ രേഖകളിലെ, പ്രത്യേകിച്ച് PPQ203 ഫോമിലെ ക്രമക്കേടുകളാണ് നിരസിക്കാൻ കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന PPQ203 സർട്ടിഫിക്കറ്റ് കയറ്റുമതിക്ക് നിർണായകമാണ്.
നവി മുംബൈയിലെ റേഡിയേഷൻ സെന്ററിന്റെ പിഴവാണ് കാരണമെന്ന് കയറ്റുമതിക്കാർ വാദിക്കുന്നു. ചെയ്യാത്ത പിഴവിന് ശിക്ഷിക്കപ്പെട്ട അവസ്ഥയാണെന്ന് ഇവരെല്ലാം പരാതിപ്പെടുന്നു. നിരസിക്കപ്പെട്ട കയറ്റുമതികൾ ഇന്ത്യയിലേക്ക് തിരിച്ചയക്കാതെ നശിപ്പിച്ചതോടെയാണ് ഏകദേശം 4.2 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മാമ്പഴത്തിന്റെ പെട്ടെന്ന് കേടുവരുന്ന സ്വഭാവവും ഉയർന്ന ഗതാഗത ചെലവും കണക്കിലെടുത്താണ് പഴങ്ങൾ നശിപ്പിക്കാൻ തീരുമാനിച്ചത്. വീണ്ടും കയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു നോട്ടീസ്. പരിഹാര നടപടികൾക്കുള്ള ചെലവുകൾ യുഎസ് സർക്കാർ വഹിക്കില്ലെന്നും വ്യക്തമാക്കി.
