പാലുൽപ്പാദനത്തിൽ കേരളം അടുത്ത വർഷം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ചിഞ്ചുറാണി
1 min read

ഇടുക്കി: പാലുൽപ്പാദനത്തിന് കേരളം അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇടുക്കിയിലെ അണക്കരയിൽ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പശുക്കളുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമാകും. പദ്ധതിയിലൂടെ 10 പേർക്ക് 10 പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിർമിച്ച് നൽകും. പശുവിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വേഗത്തിൽ അറിയാനായി റേഡിയോ ഫ്രീക്വൻസി ചിപ്പ് ചെവിയിൽ ഘടിപ്പിക്കുന്ന ഇ സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ ഉടൻ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
