സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍; മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

1 min read
SHARE

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ്  സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫെല്‍ തട്ടില്‍. 1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ‍ സഹായ മെത്രാനാകുന്നത്. നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. 

 

തൃശൂരിന്റെ സ്വന്തം തട്ടിലച്ചൻ സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായതിന്റെ സന്തോഷത്തിലാണ് മാതൃ ഇടവകയായ വ്യാകുലമാതാവിൻ ബസലിക്ക. ഓരോ ആഘോഷത്തിനും ഇടവകയിലേക്ക് ഓടിയെത്താറുണ്ട് മാർ തട്ടിൽ. നിറചിരികളുടെ വിശ്വാസികളെ ചേർത്തുപിടിക്കുന്ന മാർ തട്ടിലിനെ തൃശൂർ പുഞ്ചിരിപിതാവെന്നാണ് വിളിക്കുന്നത്. തൃശൂർ രൂപതയുടെ സഹായ മെത്രാനുമായിരുന്നു മാർ റാഫേൽ തട്ടിൽ.