മിഡ്ഫീൽഡ് ലാളിത്യം; ബെൽജിയത്തെ ചാർജാക്കുന്ന നായകൻ
1 min readകെവിന്‍ ഡി ബ്രുയ്‌നെ. ഫുട്‌ബോളില്‍ അയാള്‍ ചെയ്യുന്നത് ഒരൊറ്റക്കാര്യം. ഗോളുകള്‍ നേടുക. ഖത്തറിലെ ലോകപോരാട്ടത്തിന് ശേഷം അയാളെ തേടി വലിയൊരു ഉത്തരവാദിത്തമെത്തി. ഈഡന്‍ ഹസാര്‍ഡിന് പിന്‍ഗാമിയാകണം. ഖത്തറില്‍ വീണുടഞ്ഞ പ്രതീക്ഷകള്‍ക്ക് ജീവന്‍വെയ്ക്കണം. ബെല്‍ജിയം ഫുട്‌ബോളിന്റെ സുവര്‍ണ തലമുറയിലെ താരം. കെവിന്‍ ഡിബ്രുയ്‌നയെ അങ്ങനെ വിശേഷിപ്പിക്കാം. കൊളോണ്‍ സ്‌റ്റേഡിയത്തിലെ രാത്രിയില്‍ അയാള്‍ അത് വീണ്ടും തെളിയിച്ചു. ഇത്തവണ വന്‍കരപ്പോരിനെത്തിയപ്പോള്‍ വയസന്‍പടയെന്ന് പരിഹാസം. തിബത് കോര്‍ട്വായെ ഒഴിവാക്കിയത് വിമര്‍ശിക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ സ്ലൊവേക്യയോട് തോല്‍വി. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ റൊമാനിയയോട് വിജയം അനിവാര്യം. യുക്രൈനെ തകര്‍ത്തുവന്ന റൊമാനിയ നിസാരക്കാരല്ല. മത്സരത്തിന് മുമ്പ് കാര്‍പാത്തിയന്‍ മറഡോണ ഗോര്‍ഗെ ഹാഗിയുടെ ചിത്രം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഇതിലും വലിയ ആവേശം റൊമാനിയയ്ക്ക് ലഭിക്കാനില്ല. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ബെല്‍ജിയം മുന്നിലെത്തി. യോരി ടിയെല്‍മാന്‍സ് ആദ്യം വലകുലുക്കി. പിന്നിലായ റൊമാനിയ ഉണര്‍ന്നുകളിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ബെല്‍ജിയം പോസ്റ്റിലേക്ക് റൊമാനിയ ഇരച്ചെത്തി. പന്ത് ക്രോസ് ബാറില്‍ തട്ടിയകന്നത് രക്ഷയായി. പിന്നെ മത്സരം കൈവിടാതിരിക്കാന്‍ ഡി ബ്രുയ്‌നെ പ്രത്യേകം ശ്രദ്ധിച്ചു. ടീമിനെ അയാള്‍ ഒറ്റയ്ക്ക് ചുമലിലേറ്റി. മറ്റാരേക്കാലും അയാള്‍ ഒറ്റയ്ക്ക് പന്ത് കാലിൽവെച്ചു. 79-ാം മിനിറ്റില്‍ വിജയം ഉറപ്പിച്ച ഗോൾ. യൂറോയില്‍ ബെല്‍ജിയം പ്രതീക്ഷകള്‍ നിലനിര്‍ത്തിയ നിമിഷം. ഗ്രൂപ്പില്‍ എല്ലാ ടീമുകള്‍ക്കും ഓരോ വിജയം. ഡിബ്രുയ്‌നെയ്ക്ക് ഇനി എതിരാളി യുക്രൈന്‍ സംഘം. അടുത്ത ലക്ഷ്യം പ്രീക്വാര്‍ട്ടര്‍. വന്‍കരപ്പോരില്‍ കരുത്തരായി ബെല്‍ജിയം വരുന്നുണ്ട്.