കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണയ്ക്ക് അനുമതി ലഭിച്ചില്ല; റസിഡന്റ് കമ്മീഷണര്‍ വഴി നിവേദനം നല്‍കി
1 min read

ആശാ പ്രവര്‍ത്തകര്‍ക്കുളള ഇന്‍സന്റീവ് ഉള്‍പ്പെടെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. തുടർന്ന് റസിഡന്റ് കമ്മീഷണര്‍ വഴി നിവേദനം നല്‍കി.
രാവിലെയാണ് വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആശാ വിഷയം ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്. ആശമാരെ ജീവനക്കാരായി പരിഗണിക്കുക, ഇന്‍സന്റീവ് വര്‍ധിപ്പിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നേരിട്ടറിയിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.സര്‍ക്കാരിനെ വിശ്വസിച്ച് ബഹുഭൂരിപക്ഷം ആശമാരും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. 25,650 ആശമാര്‍ ഇപ്പോഴും സജീവമായി ഫീല്‍ഡില്‍ ഉണ്ട്. 650 ആശമാര്‍ മാത്രമാണ് പരിശീലനത്തില്‍ പങ്കെടുക്കാത്തത്. കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്ന രീതിയില്‍ സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് ഗൗരവകരമായ വിഷയമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന് എയിംസ് എന്ന ആവശ്യവും ഉന്നയിക്കുമെന്നും അവർ പറഞ്ഞിരുന്നു. വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് മെഡിക്കല്‍ കോളേജും ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദില്ലിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ക്യൂബന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ആശമാരുടെ പ്രശ്നത്തില്‍ വരുംദിവസങ്ങളിലും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അനുമതി തേടാനാണ് തീരുമാനം.
