ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; ചട്ടലംഘനത്തിന് ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്

1 min read
SHARE

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനായി ജനുവരി 8ന് അതിഷി തന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. BNS 223 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. DL-IL-AL 1469 നമ്പരിലുള്ള വാഹനം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അതിഷിക്കെതിരെ പൊലീസ് പിടിമുറുക്കുമ്പോള്‍ ബിജെപിക്കെതിരെ മറ്റൊരു ഗുരുതര ആരോപണമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍.ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി പണം വിതരണം ചെയുന്നു എന്ന ആരോപണം ആംആദ്മി പാര്‍ട്ടി ആവര്‍ത്തിക്കുകയാണ്. വോട്ടര്‍മാരെ തങ്ങള്‍ വിലക്കെടുക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ വോട്ട് പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല എന്ന മറുപടി ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കണം എന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. വോട്ടിനായി പണം നല്‍കുന്നത് തന്റെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കൂടിയും വോട്ട് നല്‍കരുതെന്നും കെജ്രിവാള്‍ പറഞ്ഞു. കല്‍ക്കാജിയിലെ സ്ഥാനാര്‍ഥി മുഖ്യമന്ത്രി അതിഷി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെജ്രിവാളിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത തുടരുകയാണ്.