കയർബോർഡിലെ തൊഴിൽ പീഡനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്; കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഇടതു ജീവനക്കാർ

1 min read
SHARE

കേന്ദ്രസർക്കാർ സ്ഥാപനമായ കയർബോർഡിലെ തൊഴിൽ പീഡനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പക്ഷാഘാതം വന്ന ഉദ്യോഗസ്ഥനെ പോലും ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടി എന്ന് ബന്ധുക്കൾ. എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റിയ സാഹചര്യമല്ലെന്നായിരുന്നു കയർ ബോർഡ് മുൻ ചെയർമാൻ്റെ പ്രതികരണം. ഇടതു ജീവനക്കാരുടെ നേതൃത്വത്തിൽ കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കയർ ബോർഡിലെ ഉന്നതരിൽ നിന്ന് നേരിട്ട മാനസിക പീഡനം വ്യക്തമാക്കുന്ന ജോളി മധുവിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്‍റെ മകന്‍റെ പ്രതികരണം. മുൻ ചെയർമാന്‍റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുനിൽകുമാറിന്റെ മകൻ സിദ്ധാർത്ഥ് ആണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.പക്ഷാഘാതം മൂലം ചികിത്സയിൽ ആയിരുന്ന പിതാവിനെ മെഡിക്കൽ റിപ്പോർട്ട് പോലും പരിഗണിക്കാതെ കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു എന്ന് സിദ്ധാർത്ഥ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും എല്ലാം തുറന്നു പറയാൻ പറ്റിയ സ്ഥലമല്ല ഇതെന്നും കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദുരൈ പാണ്ടി പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷന്‍റെ നേതൃത്വത്തിൽ കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്‍റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

അതേ സമയം, കയർ ബോർഡ് ജീവനക്കാരി ജോളി മധു തൊഴിൽ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തിൽ പറയുന്നു. സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തിൽ എഴുതിയിട്ടുണ്ട്. പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും കത്തിൽ പറയുന്നു. ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദിവസം തന്നെയാണ് ഈ കത്ത് എഴുതിയത്.