വീട്ടമ്മയെ കബളിപ്പിച്ച് 34 പവൻ തട്ടിയ യുവതി അറസ്റ്റിൽ
1 min readചക്കരക്കല്ല്: കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 34 പവൻ സ്വർണാഭരണം സ്വന്തമാക്കിയ യുവതിയെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തു.ചെറുവത്തല മെട്ടയിലെ എം.കെ ഹൈറുന്നിസ (41) യെയാണ് ചക്കരക്കല്ല് സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടേരി സ്വദേശി റഹീമയാണ് പരാതിക്കാരി.
വീട്ടിൽ സ്വർണം സൂക്ഷിക്കേണ്ടെന്നും തന്നെ ഏൽപ്പിച്ചാൽ ഉയർന്ന പലിശയും വലിയ വരുമാനവും ഉണ്ടാക്കി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയിൽ നിന്ന് ഒരു വർഷം മുൻപ് ആഭരണങ്ങൾ കൈക്കലാക്കിയത്.
ഏറെ നാളുകൾ കഴിഞ്ഞിട്ടും സ്വർണവും തരാമെന്നേറ്റ പണവും തിരിച്ചു കിട്ടാതെ വന്നപ്പോൾ റഹീമ ചക്കരക്കല്ല് പോലീസിൽ പരാതി നൽകി. തുടർന്ന് ചക്കരക്കല്ല് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
ആഭരണങ്ങൾ കണ്ണൂർ ടൗണിലെ ജ്വല്ലറികളിൽ വിറ്റതായി തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. തളിപ്പറമ്പ്, ഇരിട്ടി, മാലൂർ തുടങ്ങിയ ഭാഗങ്ങളിലെ പലരിൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പത്ത് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.