പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
1 min read

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി.
2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ ഇയാൾ രോഗിയെ പീഡിപ്പിക്കുന്നത്. വരും ദിവസങ്ങളിലായി പ്രതിയുടെ ശിക്ഷ വിധിക്കും. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. നീണ്ടകാലത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതി നൗഫലിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
