പാലക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥിനികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

1 min read
SHARE

പാലക്കാട് : കരിമ്ബുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥിനികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു.ഒരാളുടെ നില ഗുരുതരം. ചെർപ്പുളശ്ശേരി സ്വദേശി പാറക്കല്‍ വീട്ടില്‍ പരേതനായ മുസ്തഫയുടെ മകള്‍ റിസ്വാന (19), മണ്ണാർക്കാട് ചെറുമല വീട്ടില്‍ അബൂബക്കർ- സുഹറ ദമ്ബതികളുടെ മകള്‍ ദീമ മെഹ്ബർ (20) എന്നിവരാണ് മരിച്ചത്.

 

മണ്ണാർക്കാട് കൊടുവാളിപ്പുറം കുറ്റാനിക്കാട് പുത്തൻവീട്ടില്‍ ഷംസുദ്ദീന്റെ മകൻ ഇബ്രാഹിം ബാദുഷയാണ് (20) ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. പുഴക്കരയിലെ തോട്ടത്തിലെത്തിയ മൂന്നുപേരും അവിടെനിന്ന് കുളിക്കാൻ പുഴയിലേക്കിറങ്ങുകയായിരുന്നു.

അല്‍പദൂരം നീന്തിയ ശേഷമാണ് അപകടത്തില്‍പെട്ടതെന്നാണ് സൂചന. നാട്ടുകാരും ട്രോമകെയർ വളന്‍റിയർമാരും മൂവരെയും കരക്കെത്തിച്ച്‌ വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലായിരുന്നു റിസ്വാനയുടെയും ദീമയുടെയും മരണം.കാരാകുർശ്ശി അരപ്പാറ ചേലോക്കാട്ടില്‍ വീട്ടില്‍ വീരാപ്പു -ബീയ്യാത്തു ദമ്ബതികളുടെ പേരമക്കളാണ് മൂവരും. പെരുന്നാള്‍ ആഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു.

തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂള്‍ ഒന്നാം വർഷ വിദ്യാർഥിനിയാണ് റിസ്വാന. മാതാവ്: റാബിയ. സഹോദരൻ: മുഹമ്മദ് നിയാസ്. പിതാവ് മുസ്തഫ കഴിഞ്ഞ വർഷം ജൂലൈയിലാണ് മരിച്ചത്. ദീമ മെഹ്ബറിെൻറ പിതാവ് അബൂബക്കർ കരുവാരകുണ്ട് സ്വദേശിയാണ്. ഇവർ മണ്ണാർക്കാട്ട് വാടകക്ക് താമസിക്കുകയാണ്.