കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീംലീഗ്

1 min read
SHARE

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാത്തതില്‍ മുസ്ലീംലീഗിന് അതൃപ്തി. പ്രശ്‌ന പരിഹാരത്തിന് ശ്രമമില്ലന്ന വികാരം ലീഗ് യോഗത്തില്‍ നേതാക്കള്‍ പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവിനടക്കം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീണ്ടു പോകട്ടെ എന്ന നിലപാടാണുള്ളത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു.

അതേസമയം ശശി തരൂരിന്റെ സര്‍ക്കാര്‍ അനുകൂല പ്രസ്താവന വിവാദത്തില്‍ തിരിച്ചടി നേരിടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് തരൂരിനോട് അയഞ്ഞതോടെ വെട്ടിലായത് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. വിഷയത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കമാന്റിന്റെ താക്കീതു കൂടി വന്നതോടെ വിവാദത്തില്‍ വിജയം തരൂരിന്റെ പക്ഷത്തായി. സതീശന്റെ അപക്വമായ പരസ്യ പ്രതികരണമാണ് പ്രശ്‌നം വഷളാക്കിയതെന്ന വിലയിരുത്തിലില്‍ ആണ് മുതിര്‍ന്ന നേതാക്കള്‍.

വിവാദങ്ങള്‍ സര്‍ക്കാരിന് കൂടുതല്‍ അനുകൂലമായെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അതിന്റെ അനുനയം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ തരൂരിന് ലഭിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധിമായുള്ള രാഷ്ട്രീയ കൂടിക്കാഴ്ചക്ക് തരൂരിന് അവസരം ലഭിച്ചു. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ തരൂരിന് ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിക്കാനായി.

കെ.സി.വേണുഗോപാലിനെ ഒപ്പം ഇരുത്തി  തരൂര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എഐസിസി  വര്‍ക്കിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി പരിഗണിക്കാത്തതും, പാര്‍ട്ടി പരിപാടികളില്‍ അടുപ്പിക്കാത്തതും തരൂര്‍, നേതൃത്വത്തെ അറിയിച്ചു.

തരൂരിന്റെ പരിഭവങ്ങള്‍ അനുഭാവ പൂര്‍വ്വം കേട്ട രാഹുല്‍ ഗാന്ധി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ വൈകാതെ തന്നെ നടത്തിയേക്കും. സംഘടാ പുനസംഘടനയില്‍ ഒറ്റപ്പെട്ട സതീശന് രണ്ടാമത് നേരിട്ട തിരിച്ചടിയാണ് തരൂര്‍ വിവാദം. തല്‍ക്കാലം വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. തരൂര്‍-രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷം വിഡി.സതീശന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.