സായ് സെന്ററില്‍ ഇനി നില്‍ക്കാനാകില്ലെന്ന് മകള്‍ പറഞ്ഞു, രണ്ട് ആത്മഹത്യാക്കുറിപ്പിലും ഒരേ കൈയ്യക്ഷരം വന്നതെങ്ങനെ?’; ദുരൂഹത ആരോപിച്ച് സാന്ദ്രയുടെ കുടുംബം.

സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. സായി സെന്ററില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് സാന്ദ്ര തങ്ങളോട് പറഞ്ഞിരുന്നെന്ന് കുടുംബം അറിയിച്ചു. മരിച്ച സാന്ദ്രയും വൈഷ്ണവിയും തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. രണ്ട് കുട്ടികളുടേയും ആത്മഹത്യാക്കുറിപ്പിലും ഒരേ കൈയക്ഷരമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് സാന്ദ്രയുടെ കുടുംബം ഉറച്ച് വിശ്വസിക്കുന്നത്. സായ് സെന്ററില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സാന്ദ്ര വീട്ടുകാരോട് പറഞ്ഞിരുന്നു. കുട്ടിയുടെ മരണം പോലും സായ് സെന്റര്‍ അധികൃതര്‍ വളരെ വൈകിയാണ് തങ്ങളെ അറിയിച്ചത്.സാന്ദ്രയുടേയും വൈഷ്ണവിയുടേയും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇന്നലെയാണ് മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിന് സമയമായിട്ടും കുട്ടികള്‍ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ വാതില്‍ തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. രാവിലെ 5 മണിയോടെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം.

