എന്റെ മണ്ണാണ്, തിരിച്ചുവേണം’; നികുതി രസീത് വ്യാജം, ഗായിക നഞ്ചിയമ്മയുടെ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറിയെന്ന് പരാതി

1 min read
SHARE

ഗായിക നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറിയെന്ന പരാതിയില്‍ റവന്യൂ സംഘം കൂടുതല്‍ പരിശോധനയ്ക്ക്. നികുതി രസീത് വ്യാജമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഭൂമി തിരികെ കിട്ടും വരെ പിന്മാറില്ലെന്നാണ് നഞ്ചിയമ്മയുടെ നിലപാട്.

ഗായിക നഞ്ചിയമ്മക്ക് അവകാശപ്പെട്ട കുടുംബഭൂമി വ്യാജ നികുതി രതീസ് ഉപയോഗിച്ചാണ് എതിർ കക്ഷി സ്വന്തമാക്കിയതെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമി സ്വന്തമെന്ന് അവകാശപ്പെടുന്ന കെ.വി.മാത്യു അടിസ്ഥാന രേഖയായി ഹാജരാക്കിയ നികുതി രസീത് അഗളി വില്ലേജിൽ നിന്നും നൽകിയതല്ലെന്ന് വില്ലേജ് ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥ മണ്ണാർക്കാട് കോടതിയിൽ രേഖകൾ ഹാജരാക്കി മൊഴി നൽകിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

മാരിമുത്തു എന്നയാൾ സ്വന്തം പേരിൽ നികുതി അടച്ച രസീത് ഉപയോഗിച്ചുണ്ടാക്കിയ കരാർ ഹാജരാക്കിയാണ് കോടതി വഴി കെ.വി. മാത്യുവിന് ഭൂമി ലഭിച്ചത്. ഇതിനുപയോഗിച്ച നികുതി രസീത് തന്റേതല്ലെന്ന് മാരിമുത്തു കലക്ടർക്ക് മൊഴി നൽകിയിരുന്നു. കൈമാറ്റം നിയമാനുസൃതമല്ലെങ്കില്‍ ഭൂമി തിരികെ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് റവന്യൂ വിഭാഗം കൂടുതല്‍ പരിശോധന ന‌ടത്തുന്നത്. മണ്ണ് തിരിച്ച് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് നഞ്ചിയമ്മ.