ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും : മന്ത്രി ജി.ആർ അനിൽ കണിയാപുരം, പള്ളിപ്പുറം പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു
1 min read

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത് ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കണിയാപുരം ജംഗ്ഷന്റെ ഘടന ഇതിനകം രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ ജംഗ്ഷനും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കും ഇടയിൽ എലിവേറ്റഡ് കോറിഡോർ അനുവദിക്കാൻ സാധിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിൽ കണിയാപുരം ബസ് ഡിപ്പോയ്ക്ക് മുന്നിൽ അടിപ്പാത അനുവദിച്ചിട്ടുണ്ട്.
ദേശീയപാത വികസന പ്രവർത്തികൾക്കായി പള്ളിപ്പുറം – അണ്ടൂർക്കോണം – പോത്തൻകോട് റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിയ്ക്കുന്ന ജനകീയ കൂട്ടായ്മ പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. അവിടെ അടിപ്പാത നിർമ്മാണം സാധ്യമല്ലെങ്കിലും സർവീസ് റോഡിൽ നിന്ന് മെയിൻ കാരിയേജ് റോഡിലേയ്ക്കുള ഗതാഗതം സുഗമമാക്കുന്നതിന് അണ്ടൂർക്കോണം ജംഗ്ഷന് സമീപം ഒരു പ്രവേശന – പുറത്തുകടക്കൽ സംവിധാനം ഒരുക്കി തദ്ദേശവാസികൾക്ക് സൗകര്യമൊരുക്കാനുള്ള സാധ്യത ദേശീയപാത അതോറിറ്റി അറിയിച്ചതായും മന്ത്രി പറഞ്ഞു.
അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, സബ് കളക്ടർ ആല്‍ഫ്രഡ് ഒ.വി, കൃഷി വികസന വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ദേശീയ പാത ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു
