നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യും

1 min read
SHARE

17,000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ) ജൂൺ 1 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഓഗസ്റ്റ് ആദ്യ വാരത്തിലാകും ഇവിടെ നിന്ന് സർവീസുകൾ ആരംഭിക്കൂ എന്നാണ് വിവരം.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 17-ന് നടക്കുമെന്നായിരുന്നു നിർമാതാക്കളായ അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീടത് ജൂണിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ വായുസേനയുടെ വിമാനവും പിന്നീട് ഇൻഡിഗോ യാത്രാ വിമാനവും നവി മുംബൈ വിമാനത്താവള റൺവേയിൽ വിജയകരമായി ഇറക്കിയിരുന്നു. നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.നവിമുംബൈ വിമാനത്താവളം ആസൂത്രണം ചെയ്തിരിക്കുന്നത് മെട്രോറെയിൽ, റോഡ്, എന്നിവ വഴി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയോടെയാണ്. കൂടാതെ വാട്ടർ ടാക്സി വഴി എത്തിച്ചേരാൻ കഴിയുന്ന ആദ്യ വിമാനത്താവളമായിരിക്കും നവിമുംബൈ.

ഗ്രീൻഫീൽഡ് വിമാനത്താവളമായ എൻ‌എം‌ഐ‌എയുടെ ആദ്യ ഘട്ടത്തിൽ ഒരു പാസഞ്ചർ ടെർമിനൽ, ഇരട്ട സമാന്തര ടാക്സിവേകളുള്ള കോഡ്-എഫ് അനുസൃത റൺ‌വേ എന്നിവ ഉൾപ്പെടും, കൂടാതെ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെയും 0.8 ദശലക്ഷം ടൺ കാർഗോയും കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഘട്ടങ്ങളുടെയും ജോലി പൂർത്തിയായ ശേഷം, വിമാനത്താവളത്തിന് പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെയും 3.2 ദശലക്ഷം ടൺ കാർഗോയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികൾ അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡിനും 26 ശതമാനം ഓഹരികൾ സിഡ്‌കോയ്ക്കുമാണ്‌.