പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.
1 min read

കോഴിക്കോട് ബീച്ചിന് പുറമെ താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ചുരത്തിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി – ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
▪️ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ പുതുവത്സരദിനമായ ബുധനാഴ്ച പുലർച്ചെ വരെ ചുരംപാതയോരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു.
▪️താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ രാത്രി പത്ത് മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നിൽക്കാൻ അനുവദിക്കൂ.
▪️ ചുരംപാതയോരത്തെ തട്ടുകടകൾ ഉൾപ്പെടെ ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയ്ക്ക് ശേഷം അടയ്ക്കാനും താമരശ്ശേരി പോലീസ് നിർദേശം നൽകി.
▪️ ഭാരവാഹനങ്ങൾക്ക് വൈകീട്ട് മൂന്ന് മുതൽ രാത്രി പന്ത്രണ്ട് വരെ ചുരത്തിൽ നിരോധനം ഏർപ്പെടുത്തി. ഈ സമയം എത്തുന്ന വലിയ ചരക്ക് വാഹനങ്ങൾ അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
നിയന്ത്രണമുള്ള സമയത്തെത്തുന്ന ചരക്കു ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അടിവാരത്തും ലക്കിടിയിലുമായി പിടിച്ചിടും, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
