ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
1 min read
ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം.
കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതർ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ മരണത്തിൽ കുടുംബം ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകുമെന്ന് വ്യക്തമാക്കി. കായംകുളം ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിലക്ഷ്മി.
