July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

‘ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല’: വിമര്‍ശനവുമായി കെ സുധാകരന്‍

1 min read
SHARE

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ മോശമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ തരംതാണ നിലവാരം നിയമസഭയിലും കാട്ടി. മുഖത്ത് നോക്കി ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിക്ക് വെറുപ്പാണ്. ആ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് കാട്ടിയത് – സുധാകരന്‍ വിശദമാക്കി. മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാലാണ് അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് ഒളിച്ചോടിയ സ്പീക്കറുടെ നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിച്ചത് ഭരണപക്ഷമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമാണ്. ഈ പ്രതിഷേധത്തിന് ഇടയിലും സഭാനടപടികളുമായി മുന്നോട്ട് പോയ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും തീര്‍ത്ത് പിന്നീട് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിവിട്ടതിനും ശേഷം അടിയന്തര പ്രമേയം എടുക്കേണ്ട സമയം ആയപ്പോഴാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് തന്നെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് കേരളത്തിന് ബോധ്യപ്പെട്ടു.