തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നു; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ലെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
‘ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നത് പാളി. ജനങ്ങള്‍ ചര്‍ച്ച ചെയ്തത് സ്വര്‍ണക്കൊള്ള അല്ല. വികസനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞില്ല. അതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കിയത്’, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സിപിഐ വിമര്‍ശനത്തിലും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ചര്‍ച്ചകള്‍ നടത്തേണ്ടത് മുന്നണിക്കുള്ളിലാണെന്നും ജനതാദളിന്റെ അഭിപ്രായമെല്ലാം മുന്നണിയില്‍ പറയുമെന്നും മന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി വിഷയത്തില്‍ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നു.മുഖ്യമന്ത്രിയുടെ ഏകാധിപത്യം സര്‍ക്കാരിലും മുന്നണിയിലുമുണ്ടെന്ന വിമര്‍ശനവും സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നു. സിപിഐ തിരുത്തല്‍ ശക്തിയാകണം എന്ന ആവശ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി. തോല്‍വിയേക്കാള്‍ പ്രശ്‌നമാണ് ഇടത് നയവ്യതിയാനം എന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. മത നേതാക്കളോട് പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത് തെറ്റാണെന്നും സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

