July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ല; ശപഥവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

1 min read
SHARE

ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന ശപഥവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി തൻ്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ ചെരുപ്പ് ഊരിമാറ്റി. നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വ്രതമെടുക്കുമെന്നും അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു. “എഫ്ഐആർ എങ്ങനെയാണ് പുറത്തായത്? എഫ്ഐആറിൽ ഇരയെ മോശമായാണ് കാണിക്കുന്നത്. ഇതിൽ പൊലീസും ഡിഎംകെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തത്?”, അദ്ദേഹം ചോദിച്ചു.

ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.

 

രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.