July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 7, 2025

പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 10 ന് കണ്ണൂരില്‍

1 min read
SHARE

 

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 10 ന്. കണ്ണൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളില്‍ രാവിലെ 10 മുതലാണ് ശില്പശാല. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികൾക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.