പി ടി സെവന്റെ കാഴ്ച നഷ്‌ടമായ സംഭവം; ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം
1 min readപാലക്കാട് ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മർദ്ദനത്തിനിടയിലായിരിക്കാം ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെന്നാണ് ആനപ്രേമി സംഘത്തിന്റെ ആരോപണം. ആന പൂർണ്ണ ആരോഗ്യവാനാണെന്നും, ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടില്ലെന്നും ആനപ്രേമി സംഘത്തിന് വനം വകുപ്പിൽ നിന്ന് വിവരവകാശ രേഖ ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ വിദഗ്ധസമിതി പരിശോധിച്ചപ്പോൾ ആനയുടെ കാഴ്ച പോയത് പെല്ലറ്റ് കൊണ്ടാണെന്ന് വനം വകുപ്പ് പറയുന്നത് തെറ്റാണെന്നും ആന പ്രേമിസംഘം ആരോപിച്ചു. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാവാൻ കാരണമെന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണ് പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നും വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോൾത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയമെന്നാണ് വനം വകുപ്പ് പറയുന്നത്. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.