പത്മശ്രീ ജേതാവായ കൃഷി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
1 min read

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മുൻ ഡയറക്ടർ ജനറലും പത്മശ്രീ ജേതാവുമായ പ്രശസ്ത കൃഷി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുബ്ബണ്ണ അയ്യപ്പനെ (70) യാണ് മൈസൂരുവിൽ നിന്നും 20 കിലോമീറ്റർ അകലെ ശ്രീരംഗപട്ടണം സായ് ആശ്രമത്തിന് സമീപം കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മൃതദേഹം നദിയിൽ ഒഴുകി നടക്കുന്നതായി ആളുകൾ കാണുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.ഇദ്ദേഹത്തിന്റെ ഇരുചക്ര വാഹനം നദിക്കരയിൽ പാർക്ക് ചെയ്ത നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൈസൂരുവിലെ അപ്പാർട്ട്മെന്റിൽ ഭാര്യയോടൊപ്പമായിരുന്നു താമസം. അയ്യപ്പനെ കാണാതായതിനെ തുടർന്ന് കുടുംബം മൈസൂരു വിദ്യാരണ്യപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. ദൂരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി അടക്കം പരിശോധിക്കുന്നതായും മരണത്തിന് പിന്നിലുള്ള കാരണം കണ്ടുപിടിക്കാൻ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
