പാക് ചാരവൃത്തി: പഞ്ചാബില്‍ വീണ്ടും ഒരാള്‍ പിടിയില്‍, അറസ്റ്റിലായത് യുട്യൂബർ

1 min read
SHARE

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ യുട്യൂബർ പഞ്ചാബില്‍ പിടിയില്‍. യൂട്യൂബര്‍ ജസ്ബീര്‍ സിങ് ആണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസവും ഒരാൾ പിടിയിലായിരുന്നു.

ചാരവൃത്തി കേസില്‍ നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. പാക് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്ക് ബന്ധം ഉള്ളതായി കണ്ടെത്തി. മൂന്ന് തവണ ഇയാള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ തെളിവുകള്‍ ഇയാള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ഗഗന്‍ദീപ് സിങ് എന്നയാളെയാണ് കഴിഞ്ഞ ദിവസം താന്‍ തരണില്‍ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അഞ്ച് വര്‍ഷമായി ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്തുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങടക്കം ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്.