പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; ഉത്തരവുമായി മദ്രാസ് ഹെെക്കോടതി

1 min read
SHARE

തമിഴ്നാട് പളനി മുരുകൻ ക്ഷേത്രത്തെ സംബന്ധിച്ച് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുത് എന്നാണ് കോടതി ഉത്തരവിന്റെ സാരാംശം. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം പ്രവേശനം അനുവദിക്കേണ്ടതില്ല എന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ വിശ്വാസിയാണെന്ന സത്യവാങ്മൂലത്തിന്റെ ബലത്തിൽ ദർശനം ആകാം. ഇതര മതസ്ഥർക്ക് മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലം നൽകുന്ന സാഹചര്യത്തിൽ ദർശനം അനുവദിക്കാം എന്നും കോടതി വ്യക്തമാക്കി. അതുപോലെ തന്നെ ക്ഷേത്രങ്ങൾ ടൂറിസം കേന്ദ്രങ്ങൾ അല്ലാ എന്നും കോടതി കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ ചില ബോർഡുകൾ പുനഃസ്ഥാപിക്കാനും നിർദേശമുണ്ട്. അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ല എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ വെക്കാനാണ് ഉത്തരവിലുള്ള മുന്നറിയിപ്പ്. ഈ വിധി ക്ഷേത്രവിശ്വാസികളുടെ സംഘടനാ നേതാവും പഴനി സ്വദേശിയുമായ ഡി സെന്തിൽകുമാറിന്റെ ഹർജിയിലാണ്. രാജ്യം ഹിന്ദുത്വവത്ക്കരണത്തിന്റെ കൈയ്യിലകപ്പെടാൻ പോകുന്നുവെന്ന സൂചന കേന്ദ്രം ഭരിക്കുന്നവർ നൽകുന്ന സാഹചര്യത്തിലാണ് ദ്രാവിഡസംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ് നാട്ടിൽ ഇത്തരം നടപടികൾ ഉണ്ടാവുന്നത്. ഹിന്ദുത്വവാദികൾ വിശ്വാസത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലത്തിലേക്കാണ് എത്തിക്കുന്നത്. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിൽ നിരവധി ആളുകൾ ഈ മതേതരത്വ  ഇന്ത്യയിൽ കൊല്ലപ്പെട്ടുവെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട കാര്യമാണ്.