സ്വകാര്യ ബസിടിച്ച് മരണം സംഭവിച്ചാൽ പെർമിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കും: മന്ത്രി ഗണേഷ് കുമാർ

1 min read
SHARE
സ്വകാര്യ ബസ് ഇടിച്ച് മരണം സംഭവിച്ചാൽ ബസിൻ്റെ പെർമിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പുതിയ നയങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് ബസ് ഉടമകളുമായി ചർച്ച നടത്തുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും എൻ ഒ സി നിർബന്ധമാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് വെക്കും. സമയം തെറ്റി ഓടുന്നത് തടയാൻ സ്വകാര്യ ബസുടമകളെ തന്നെ ചുമതലപ്പെടുത്തും.
പെർമിറ്റിൽ നൽകിയ സമയം മുഴുവൻ ബസ് ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കും. എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം. ഇതിന് മാർച്ച് മാസം വരെ സമയം നൽകും. ബസുകളെ കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പറയാൻ ബസിൽ ഫോൺ നമ്പർ രേഖപ്പെടുത്തി വെക്കണമെന്നും മന്ത്രി പറഞ്ഞു.