ആലപ്പുഴയില്‍ ഒരാഴ്‌ച്ചയ്ക്കിടെ 14 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

1 min read
SHARE

ലപ്പുഴ: ജില്ലയില്‍ മനുഷ്യരില്‍ പന്നിപ്പനി (എച്ച്‌ 1 എൻ 1) പടരുന്നു. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

 

ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതെ സമയം ജില്ലയില്‍ പക്ഷിപ്പനിയും സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ സ്രവപരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.

ജില്ലയില്‍ പക്ഷിപ്പനി റിപ്പോർട്ടുചെയ്തു തുടങ്ങിയതുമുതലാണ് പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണവുമേറിയത്. അതുകൊണ്ടുതന്നെ പക്ഷിപ്പനിബാധിത മേഖലയില്‍ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഇവർക്കു പ്രതിരോധമരുന്നു നല്‍കുന്നുമുണ്ട്. രോഗം കടുത്താല്‍ സ്രവപരിശോധന നടത്തും.

അതേസമയം ഇപ്പോള്‍ ദിവസം ഒരു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്ന സാഹചര്യമാണുള്ളത്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പൊതുവിടങ്ങളില്‍ മുഖാവരണം നിർബന്ധമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയല്‍, ക്ഷീണം എന്നിവയാണ്പന്നിപ്പനിയുടെ ലക്ഷണം. ഈ ലക്ഷണങ്ങള്‍ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ ഡോക്ടറെ കാണിക്കണം