ശബരിമല മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു
1 min read

പത്തനംതിട്ട: മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് 20 അടിയോളം താഴ്ചയിലേയ്ക്കാണ് കുമാർ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്.
സി ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
തീർത്ഥാടകൻ എന്തിനാണ് ഫ്ലൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയതെന്നത് വ്യക്തമല്ല. കുമാറിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്നത് ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് എഡിഎം അരുൺ എസ് നായർ പറഞ്ഞു. താഴേയ്ക്ക് വീണതിന് ശേഷം കുമാർ പരസ്‌പര വിരുദ്ധമായി സംസാരിച്ചതാണ് സംശയത്തിന് കാരണം. മൃതദേഹം മേരിക്വീൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
