പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ; മുഖ്യമന്ത്രി പിണറായി വിജയൻ

1 min read
SHARE

പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ട് നയിക്കുന്ന നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലാണ് കോടിയേരിയെ മുഖ്യമന്ത്രി അനുസ്മരിക്കുന്നത്. തൊഴിലാളി – കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കുവഹിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വർഷം തികയുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേയ്ക്ക് കടന്നുവന്ന യുവാവായ സഖാവ് കോടിയേരി പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള നേതാവായി വളർന്നു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളിൽ പാർടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.

തൊഴിലാളി – കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാർടിയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രോഗപീഢയുടെ ഘട്ടത്തിലും പാർടിയോടുള്ള സ്നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകൾ.

 

കേരളത്തിലേയും, രാജ്യത്തെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവിശ്വാസികൾക്കാകെയും എക്കാലവും പ്രചോദനമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. സഖാവിന്റെ രാഷ്ട്രീയജീവിതത്തിൽ നിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ, അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും ആ വിധം പ്രകടിപ്പിക്കാൻ പാർടിയ്ക്കും സഖാക്കൾക്കും സാധിക്കണം.- മുഖ്യമന്ത്രി തൻ്റെ കുറിപ്പ് അവസാനിപ്പിച്ചു.