ഇലക്ടറൽ ബോണ്ടിലും പിഎം കെയർ ഫണ്ടിലും അന്വേഷണം; പുതിയ ജിഎസ്ടി നിയമം: പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്
1 min read

തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങൾ. ഡാറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാതി സെൻസസ് നടപ്പാക്കും എന്ന് പ്രകടന പത്രികയിൽ പറയുന്നു. SC, ST, OBC സംവരണം 50 ശതമാനം ഉയർത്തുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ജോലികൾക്ക് 10% സംവരണം ഏർപ്പെടുത്തും. ഇത് ജാതി സമുദായ വിവേചനം ഇല്ലാതെ നടപ്പാക്കും.പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികളിലുള്ള കരാർവത്കരണം നിർത്തലാക്കും. സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതവും പ്രവർത്തനങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. നിർത്തലാക്കിയ മൗലാനാ ആസാദ് സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കും. മുതിർന്ന പൗരന്മാർക്ക് പൊതുഗതാഗതത്തിൽ ഉണ്ടായിരുന്ന യാത്ര ഇളവുകൾ പുനസ്ഥാപിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ വിപുലീകരിക്കും. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പരിരക്ഷ സൗജന്യമാക്കും.ആരോഗ്യത്തിലുള്ള ബജറ്റ് വിഹിതം ഓരോ വർഷവും പടിപടിയായി വർദ്ധിപ്പിക്കും. ഓരോ ജില്ലയിലും ഒരു സർക്കാർ മെഡിക്കൽ കോളജും ആശുപത്രിയും സ്ഥാപിക്കും. പൊതുജനാരോഗ്യ മേഖലയിലെ എല്ലാ ഒഴിവുകളും മൂന്നുവർഷത്തിനുള്ളിൽ നികത്തും. കേന്ദ്രസർക്കാർ തസ്തികകളിലെ മുപ്പത് ലക്ഷത്തോളം ഒഴിവുകൾ നികത്തും. കായിക താരങ്ങൾക്ക് പ്രതിമാസം 10,000 രൂപയുടെ സ്പോർട്സ് സ്കോളർഷിപ്പ് നൽകും.
