25 സ്ത്രീകളുടെ സിന്ദൂരം തുടച്ചു നീക്കിയവർക്കുള്ള ചുട്ട മറുപടി, ഓപ്പറേഷൻ സിന്ദൂറിന് പേരിട്ടത് പ്രധാനമന്ത്രി

1 min read
SHARE

ദില്ലി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടിച്ചെന്ന വാർത്ത കേട്ടാണ് ഇന്ന് രാജ്യമുണർന്നത്. ഇന്നലെ അ‍ർദ്ധ രാത്രി മുതൽ ഓപ്പറേഷൻ സിന്ദൂർ എന്ന വാക്കാണ് മുഴങ്ങിക്കേൾക്കുന്നത്. മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. എത്ര ഭീകരരെ വധിച്ചുവെന്നത് സംബന്ധിച്ച് ഇതു വരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും തികഞ്ഞ തൃപ്തിയോടെയാണ് രാജ്യം. രാജ്യം ഭരിക്കുന്ന ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിന് പ്രതിപക്ഷമടക്കം അഭിനന്ദനങ്ങളാൽ മൂടുകയാണ്.

സിന്ദൂരം തുടച്ചു നീക്കിയവർക്കുള്ള ചുട്ട മറുപടിക്ക് പേരിട്ടത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് എന്നതും ഇവിടെ വളരെ പ്രധാനമാണ്. പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ മനഃപൂർവ്വം ഒഴിവാക്കിക്കൊണ്ട് നടത്തിയ തിരിച്ചടി സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിലെ കൊലയാളികൾ വിധവകളാക്കിയത് 25 സ്ത്രീകളെയാണ്. അവരിൽ ഒരാൾ വിവാഹിതയായിട്ട് ദിവസങ്ങൾ കടന്നു പോയിട്ടേ ഉണ്ടായിരുന്നുള്ളൂ. മധുവിധു ആഘോഷിക്കാനാണ് അവ‍‍ർ ഇന്ത്യയിലെ സ്വിറ്റ്സർലാന്റിലെത്തിയിരുന്നത്. ഇവിടെയാണ് ഈ തിരിച്ചടിക്ക് എന്തുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടു എന്നുള്ള ചോദ്യം നിൽക്കുന്നത്. ഭീകരരാൽ ദാരുണമായി കൊല്ലപ്പെട്ട 26 സാധാരണ പൗരന്മാരുടെ ജീവന് പകരം ചോദിക്കുകയെന്നതിനപ്പുറം ഇതിന് വൈകാരികമായ മറ്റു തലങ്ങളുണ്ട്. വിവാഹിതയും, സുമംഗലിയുമായ സ്ത്രീകൾ ഹിന്ദു മതാചാര പ്രകാരം നെറ്റിയിൽ ചാർത്തുന്നതാണ് സിന്ദൂരം. സിന്ദൂരം മായ്ക്കുന്നതാകട്ടെ, ഭർത്താവ് മരിക്കുമ്പോഴാണ്.

മതം ചോദിച്ച് പുരുഷന്മാരെ മാത്രം തെരഞ്ഞെടുത്ത് കൊല ചെയ്ത ഭീകരവാദത്തിന് രാജ്യം നൽകുന്ന മറുപടിയാണിത്; അതിലുമപ്പുറം മരിച്ച പൗരന്മാരുടെ ഭാര്യമാരുടെ സിന്ദൂരം തുടച്ചു മാറ്റിയ ഭീകരരോടുള്ള രാജ്യത്തിന്റെ പ്രതികാരമാണിത്. ഇന്ത്യൻ സൈന്യം പുറത്തുവിട്ട ഓപ്പറേഷൻ സിന്ദൂറിന്റെ എഴുത്തിലും ഇത് വ്യക്തമാണ്. സിന്ദൂറിലെ ഒരു ‘ഒ’ ആൽഫബെറ്റിൽ സിന്ദൂരച്ചെപ്പ് സൂചകാർത്ഥമായി നൽകിയിട്ടുണ്ട്. ഇതിനു കീഴേക്ക് സിന്ദൂരം മറിഞ്ഞ് പടർന്നു കിടക്കുന്നതും കാണാം. ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ കൈകളിൽ ചൂഡ ധരിച്ച് വിതുമ്പുന്ന നവവധുവായ ഹിമാൻഷി നർവാൾ, ഭർത്താവിന് വെടിയേറ്റപ്പോൾ നിസ്സഹായതയോടെ സഹായം അഭ്യർത്ഥിക്കുന്ന മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി, ശൈലേഷ് കലാത്തിയയുടെ ഭാര്യ ശീതൾ മുതൽ ബിതാൻ അധികാരിയുടെ ഭാര്യ സോഹിനി, ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ, സന്തോഷ് ജഗ്ദലെയുടെ ഭാര്യ പ്രഗതി ജഗ്ദലെ വരെ, ആക്രമണത്തിൽ പാതി ജീവൻ നഷ്ടപ്പെട്ട ഓരോ സ്ത്രീയുടെയും കണ്ണുനീർ രാജ്യത്തെ കരയിപ്പിച്ചിരുന്നു. ഇതിനെല്ലാമുള്ള ഇന്ത്യയുടെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ….