May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

ശരീരത്തിന്റെ കരുത്തിന് പ്രോട്ടീൻ; ലോക പ്രോട്ടീൻ ദിനത്തിൽ അറിയേണ്ട കാര്യങ്ങൾ

1 min read
SHARE

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമായ കാര്യമാണ്. പ്രോട്ടീന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അതിന്റെ ഉപഭോഗത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനൊപ്പം പ്രോട്ടീന്റെ കുറവിന്റെ പ്രശ്നം അടിവരയിടുന്നതിനും വേണ്ടി എല്ലാ വർഷവും ഫെബ്രുവരി 27 ലോക പ്രോട്ടീൻ ദിനമായി ആചരിക്കുന്നു.

മെച്ചപ്പെട്ട പോഷകാഹാരവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിൽ മതിയായ പ്രോട്ടീൻ ഉപഭോഗത്തിന്റെ പ്രധാന പങ്കിനെക്കുറിച്ച് വ്യക്തികളെ അറിയിക്കാൻ ‘യുഎസ് സോയാബീൻ കയറ്റുമതി കൗൺസിൽ’ (USSEC) മുൻകൈയെടുത്ത കാലം മുതലാണ് ലോക പ്രോട്ടീൻ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വർഷങ്ങളായി പ്രോട്ടീന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംഘടനകൾ, സ്ഥാപനങ്ങൾ, വിദഗ്ധർ, വ്യക്തികൾ എന്നിവർ ഒത്തുചേരുന്ന ഒരു കാമ്പെയ്‌നായി പിന്നീട് ഈ ദിനം മാറി.

പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ് ഇത് ഇല്ലെങ്കിൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകൾ ശരിയായ വിധത്തിൽ നടക്കില്ല. മാത്രവുമല്ല രക്തചംക്രമണവും രോഗപ്രതിരോധ സംവിധാനവും താറുമാറാകുകയും ചെയ്യും. പേശികൾ നിർമിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കുന്നതിനും മറ്റും പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീൻ അമിനോ ആസിഡുകളാൽ നിർമ്മിതമാണ്. ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടതിന്റെ ചില പ്രാധാന്യം പരിശോധിക്കാം.

രോഗപ്രതിരോധ പ്രവർത്തനം: ഇമ്യൂൺ ഗ്ലോബുലിൻ പോലുള്ള ചില പ്രോട്ടീനുകൾ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധകളെ ചെറുത്ത് ശരീരത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.

ഊർജ്ജ ഉത്പാദനം: കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ശരീരത്തിന്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സുകളാണെങ്കിലും, മറ്റ് പോഷകങ്ങളുടെ അഭാവത്തിൽ പ്രോട്ടീനുകളും ഊർജ്ജ ഉദ്പാദനത്തിന് സഹായിക്കുന്നവയാണ്.

എൻസൈം, ഹോർമോൺ ഉത്പാദനം: എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും പ്രോട്ടീനുകൾ നിർണായക പങ്ക് വഹിക്കുന്നു. എൻസൈമുകൾ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്നു. അതേസമയം ഹോർമോണുകളുടെ പ്രവർത്തനം, വളർച്ച തുടങ്ങിയ നിരവധി ശാരീരിക പ്രക്രിയകളെ ഇത് നിയന്ത്രിക്കുന്നു.

പ്രോട്ടീൻ ഉൾപ്പെടുന്ന ചില ഭക്ഷണങ്ങൾ താഴെക്കൊടുക്കുന്നു;

ബ്രൊക്കോളി

ബ്രൊക്കോളി പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

കൂണ്‍

കൂണിനെ സസ്യാഹാരത്തിലെ മാംസം എന്ന് വേണമെങ്കില്‍ പറയാം. വൈറ്റ് ബട്ടന്‍ മഷ്‌റൂമില്‍ കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. വേവിക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഒരു കപ്പ് വേവിച്ച കൂണില്‍ 5-7 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ബദാം

യു.എസ്.ഡി.എ പ്രകാരം 100 ഗ്രാം ബദാമിൽ ഏകദേശം 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കൂടാതെ, കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ബദാമിൽ അടങ്ങിയിട്ടുണ്ട്.

പനീർ

നിങ്ങൾ വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ ആകട്ടെ, ഓരോ ഇന്ത്യക്കാരന്റെയും ഭക്ഷണക്രമത്തിൽ പനീറിനുള്ള സ്ഥാനം വളരെ വലുതാണ്. പനീർ പ്രോട്ടീന്റെ കലവറ കൂടിയാണ്. ശരാശരി 100 ഗ്രാം പനീറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യം, ഫോസ്ഫറസ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും പനീറിൽ അടങ്ങിയിട്ടുണ്ട്.

ദാൽ – പരിപ്പ്

പരിപ്പിലെ പ്രോട്ടീന്റെ കൃത്യമായ അളവ് പരിപ്പിന്റെ തരത്തെയും അത് തയ്യാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, ശരാശരി 100 ഗ്രാം വേവിച്ച പരിപ്പിൽ 4.68 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

സോയാബീൻ

പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് സോയാബീൻ. ഇതൊരു സസ്യാധിഷ്ഠിത പ്രോട്ടീൻ കൂടിയാണ്. പേശികലകളും മറ്റ് പ്രധാന ഘടനകളുടെയും നിർമ്മാണത്തിൽ സോയാബീൻ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

മുട്ട

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അമിനോ ആസിഡുകൾ അടങ്ങിയ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു. ഇത് ആൽബ്യുമൻ എന്നും അറിയപ്പെടുന്നു. മുട്ടയിലെ പ്രോട്ടീൻ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.