പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല; സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

1 min read
SHARE

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.